This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേളപ്പന്‍, പുന്നാപുരംകോട്ടയില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേളപ്പന്‍, പുന്നാപുരംകോട്ടയില്‍

വടക്കന്‍പാട്ടുകളിലെ ഒരു ഖലനായകന്‍. പതിനേഴു ഗ്രാമങ്ങളില്‍ തന്റെ സര്‍വാധിപത്യം പുലര്‍ത്തിയിരുന്ന കേളപ്പന്‍ വടക്കന്‍ പാട്ടുകളിലെ അറിയപ്പെടുന്ന മാടമ്പികളുടെയെല്ലാം മുന്‍പന്തിയില്‍ നില്ക്കുന്നു. ക്രൂരനും കാമഭ്രാന്തനും രക്തദാഹിയുമായിരുന്ന കേളപ്പന്‍ സര്‍വവിധ പ്രതിരോധ സജ്ജീകരണങ്ങളുമുള്ള ഏഴു കോട്ടകളുടെ അധിപന്‍ കൂടിയായിരുന്നു. പന്തീരായിരത്തിലധികം പടയാളികളുടെ നായകനായിരുന്ന ഈ മാടമ്പിയുടെ കല്പനകള്‍ അക്ഷരംപ്രതി അനുസരിക്കപ്പെട്ടിരുന്നു. സുന്ദരിമാരായ കന്യകമാരെല്ലാം തനിക്കു വഴങ്ങിക്കൊള്ളണമെന്നുള്ള കേളപ്പന്റെ ഉഗ്രശാസനം നിഷേധിക്കപ്പെട്ടിരുന്നില്ല. പ്രതിഷേധിക്കുന്നവര്‍ക്ക് കടുത്തശിക്ഷ തന്നെ നല്കിയിരുന്നതുകൊണ്ട് നാട്ടുക്കൂട്ടത്തിന്റെ അമര്‍ഷങ്ങള്‍ ചുണ്ടുകളില്‍ ഒതുങ്ങിനിന്നതേയുള്ളൂ.

ഇങ്ങനെ സ്വേച്ഛാധിപതിയായി കഴിയവേ, ഒരിക്കല്‍ കറുത്തേനിടം രാജാവിന്റെ സുന്ദരിയായ മകളെ കേളപ്പന്‍ തട്ടിക്കൊണ്ടുവന്നു. മകളെ വീണ്ടെടുക്കാന്‍വേണ്ടി അങ്ങോട്ടേക്ക് പടനയിച്ച രാജാവിനെ കൊല്ലാക്കൊല ചെയ്തുവിട്ട കേളപ്പനോട് പകരം ചോദിക്കുവാന്‍ തച്ചോളി ഒതേനന്‍ തയ്യാറായി. സ്വന്തപ്പെട്ടവരുടെ പ്രതിഷേധങ്ങളത്രയും അവഗണിച്ചുകൊണ്ട് പുന്നാപുരത്തിലേക്ക് കുതിച്ച ഒതേനന്‍ ഒളിവഴിയിലൂടെ കോട്ടയില്‍ പ്രവേശിച്ച് കേളപ്പനുമായി ഏറ്റുമുട്ടി. അതിസാഹസികമായ ഈ ഏറ്റുമുട്ടലില്‍ കേളപ്പന്‍ വധിക്കപ്പെട്ടു.

(പയ്യന്നൂര്‍ ബാലകൃഷ്ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍